Monday, December 26, 2011

എന്‍റെ നാടിന്‍റെ ചരിത്രം

സംഘകൃതികളില്‍ ചേരരാജാകന്മാരുടെ ഭരണ സിരാകേന്ദ്രമായി വിശേഷിപ്പിച്ചിരുന്ന തൊണ്ടി കടലുണ്ടിയാണെന്ന് പറയപ്പെടുന്നു. രണ്ടാം നൂറ്റാണ്ടില്‍ രചിക്കപ്പെട്ട പെരിപ്ലസിന്റെ എരിത്രിയന്‍ കടല്‍യാത്ര എന്ന പുസ്തകത്തില്‍ കടലുണ്ടിയെ ഒരു തുറമുഖ പട്ടണമായാണ് വിശേഷിപ്പിക്കുന്നത്.റോം, അറേബ്യ തുടങ്ങിയ വിദേശരാജ്യങ്ങളുമായി കടലുണ്ടിക്ക് അക്കാലത്ത് വിപുലമായ വ്യാപാരബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവുകളുണ്ട്.പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദശയില്‍ രണ്ടാം ചേരരാജവംശത്തിന്റെഅസ്തമയത്തോടെ നാടുവാഴിത്ത ഭരണക്രമമാരംഭിച്ചപ്പോള്‍ ഈ പ്രദേശത്തിന്റെ അധികാരം പരപ്പനാട് കോവിലകക്കാരുടെ കൈകളിലായി. പരപ്പനാട് രാജാവ് ഡച്ചുകാര്‍ക്ക് ചാലിയത്ത് കോട്ട നിര്‍മിക്കാന്‍ അനുമതി നല്‍കി. സാമൂതിരിയുമായുള്ള യുദ്ധത്തില്‍ കോട്ട പരിപൂര്‍ണമായും തകര്‍ന്നെങ്കിലും ചാലിയത്തെ മുല്ല എന്ന സ്ഥലത്ത് ഇന്നും കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം.ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുള്ള തറക്കൂട്ടങ്ങളിലൂടെയായിരുന്നു
പരപ്പനാട് രാജവംശം ഭരണം നടത്തിയിരുന്നത്. കടലുണ്ടിയെ മണ്ണൂര്‍(മണ്ണൂര്‍ ശിവക്ഷേത്രം), കടലുണ്ടി(പഴഞ്ചണ്ണൂര്‍) എന്നൂ രണ്ടു തുറകളായി തിരിച്ചാണ് ഭരണം നടത്തിയിരുന്നത്. ഭൂമിയുടെ അവകാശം അതാത് ദേവസ്വത്തിനു കീഴിലുള്ള ജന്മിമാര്‍ക്കായിരുന്നു. കാലക്രമേണ ദേവസ്വങ്ങളുടെ അധികാരം പെറുമ്പറമ്പ്(മണ്ണൂര്‍), മനേഴി എന്നീ രണ്ട് തറവാട്ടുകാര്‍ക്കായി. ഇവര്‍ക്കു കീഴില്‍ പുന്നോളി കോറോത്ത്, പുന്നോളി ഇരുപ്പാട്ടില്‍, കുറ്റിക്കാട്ടില്‍, അമ്പാളി, കൂര്‍മ്മന്തറഷ പുതിയകം എന്നീ ജന്മിതറവാട്ടുകളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഈ പ്രദേശവും ഈ ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലായെങ്കിലും ഭൂവുടമ സമ്പ്രദായത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. 1861 ഓടെ കച്ചവടാവശ്യാര്‍ഥം ബ്രിട്ടീഷുകാര്‍ ചാലിയം വരെ റയില്‍പ്പാത നീട്ടി. എന്നാല്‍ വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് മുഖ്യകേന്ദ്രമായി വികസിച്ചതോടെ റയില്‍പ്പാതകള്‍ നീക്കം ചെയ്‌തെങ്കിലും റയില്‍വേ കിണറും ലൈറ്റ് ഹൗസും ഫോറസ്റ്റ് ഡിപ്പോയും ഇന്നു തെളിവായി കാണാം. മാലിക് ദീനാറും ശിഷ്യന്മാരും പ്രാര്‍ഥിച്ചിരുന്നുവെന്ന് വിശ്വസിക്കുന്ന പുഴക്കരപള്ളി ചാലിയത്തെ ഏറ്റവും മികച്ച ചരിത്രശേഷിപ്പാണ്.

എന്‍റെ ഗ്രാമം, എത്ര സുന്ദരം...!!




കടലുണ്ടിയിലെ ഇക്കോ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടുന്നു. 150 ഹെക്ടറില്‍ പരന്നുകിടക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വാണ് ഇവിടത്തെ പ്രധാന സന്ദര്‍ശന കേന്ദ്രം. രാജ്യത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വ് കൂടിയാണിത്. വിവിധയിനം കണ്ടലുകളും ജൈവവൈവിധ്യവും നിറഞ്ഞ കമ്യൂണിറ്റി റിസര്‍വ് നയനാനന്ദകരമായ കാഴ്ചകള്‍ക്കു പുറമേ വിജ്ഞാനം കൂടി പകരുന്നവയാണ്.വന്യമൃഗസംരക്ഷണ കേന്ദ്രമോ സംരക്ഷണ റിസോര്‍വോ അല്ലാത്ത പ്രദേശങ്ങളിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്. റിസര്‍വിനോട് ചേര്‍ന്ന് കടലുണ്ടി റെയില്‍പ്പാലത്തിന് പടിഞ്ഞാറു വശത്താണ് പ്രസിദ്ധമായ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. 135-ലധികം ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടി പഞ്ചായത്തിന്റെ അതിരില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്ര സമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥകള്‍ ഇവിടെ കാണാം. കോട്ടക്കുന്നിലെ സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ രൂപമുള്ളത്. പുരാണ മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരമുള്ള ശാലിയാത്തി പള്ളി, മാലിക് ദിനാര്‍ സ്ഥാപിച്ച പുഴക്കര പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വരക്ഷേത്രം, മണ്ണൂര്‍ ഗുഹ തുടങ്ങിയവയും ഗ്രാമത്തിലെ പൈതൃക കേന്ദ്രങ്ങളാണ്. കടലുണ്ടിപ്പുഴയില്‍ സ്ഥിതിചെയ്യുന്ന തുരുത്തുകള്‍ മനോഹരമായ കാഴ്ചയാണ്.ചാലിയത്തെ വനംവകുപ്പിന്റെ തടിഡിപ്പോയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോര്‍ത്തുസ് മലബാറിക്കസ് സസ്യസര്‍വസ്വം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന വിജ്ഞാനകേന്ദ്രമാണ്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ചിട്ടുള്ള സസ്യജാലങ്ങളാണ് ഇവിടെ നട്ടുവളര്‍ത്തുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തിരൂര്‍-ചാലിയം റെയില്‍വേ ലൈനിനോടനുബന്ധിച്ച റെയില്‍വേ കിണറും ഇവിടെ കാണാം. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ചാലിയം ലൈറ്റ്ഹൗസ് സന്ദര്‍ശനവുമാകാം. ചാലിയം-ബേപ്പൂര്‍ ജെട്ടികളെ ബന്ധിച്ചുള്ള ജങ്കാര്‍ യാത്രയും ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്കുള്ള യാത്രയും മറക്കാനാവില്ല. ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രവും യാത്രയ്ക്കിടെ മറക്കാനാവാത്ത അനുഭവങ്ങളാണ് പകരുക.കമ്യൂണിറ്റി റിസര്‍വിലേക്ക് കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതായി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്ത് പറഞ്ഞു. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കടലുണ്ടി പുഴയിലൂടെ കണ്ടലുകള്‍ കണ്ടു കൊണ്ട് തോണിയാത്ര, ഗൈഡുമാരുടെ സേവനം, പക്ഷി നിരീക്ഷണത്തിനെത്തുന്നവര്‍ക്ക് താമസസൗകര്യം, നാടന്‍ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളാണ് മാനേജ്‌മെന്റ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്.