കടലുണ്ടിയിലെ ഇക്കോ ടൂറിസം മേഖലയിലേക്ക് സഞ്ചാരികളുടെ വരവ് കൂടുന്നു. 150 ഹെക്ടറില്‍ പരന്നുകിടക്കുന്ന കടലുണ്ടി കമ്യൂണിറ്റി റിസര്‍വാണ് ഇവിടത്തെ പ്രധാന സന്ദര്‍ശന കേന്ദ്രം. രാജ്യത്തെ പ്രഥമ കമ്യൂണിറ്റി റിസര്‍വ് കൂടിയാണിത്. വിവിധയിനം കണ്ടലുകളും ജൈവവൈവിധ്യവും നിറഞ്ഞ കമ്യൂണിറ്റി റിസര്‍വ് നയനാനന്ദകരമായ കാഴ്ചകള്‍ക്കു പുറമേ വിജ്ഞാനം കൂടി പകരുന്നവയാണ്.വന്യമൃഗസംരക്ഷണ കേന്ദ്രമോ സംരക്ഷണ റിസോര്‍വോ അല്ലാത്ത പ്രദേശങ്ങളിലെ സസ്യജന്തുജാലങ്ങളുടെ സംരക്ഷണത്തിന് വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടുന്ന പ്രദേശമാണ് കമ്യൂണിറ്റി റിസര്‍വ് എന്നറിയപ്പെടുന്നത്. റിസര്‍വിനോട് ചേര്‍ന്ന് കടലുണ്ടി റെയില്‍പ്പാലത്തിന് പടിഞ്ഞാറു വശത്താണ് പ്രസിദ്ധമായ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത്. 135-ലധികം ഇനം പക്ഷികളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. കടലുണ്ടി പഞ്ചായത്തിന്റെ അതിരില്‍ വള്ളിക്കുന്ന് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന നിറങ്കൈതക്കോട്ട ഇവയില്‍ പ്രധാനപ്പെട്ടതാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്ര സമുച്ചയമാണിവിടെയുള്ളത്. മരത്തില്‍ കൊത്തിയ രാമായണ കഥകള്‍ ഇവിടെ കാണാം. കോട്ടക്കുന്നിലെ സെന്റ് പോള്‍സ് ചര്‍ച്ചിലാണ് ഏഷ്യയിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂശിതനായ യേശുവിന്റെ രൂപമുള്ളത്. പുരാണ മുസ്‌ലിം പള്ളികളായ ചാലിയം മസ്ജിദ്, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ഥശേഖരമുള്ള ശാലിയാത്തി പള്ളി, മാലിക് ദിനാര്‍ സ്ഥാപിച്ച പുഴക്കര പള്ളി, ആല്‍മരത്തിനുള്ളില്‍ ശിവലിംഗം സ്ഥിതി ചെയ്യുന്ന ചാലിയം ശ്രീകണേ്ഠശ്വരക്ഷേത്രം, മണ്ണൂര്‍ ഗുഹ തുടങ്ങിയവയും ഗ്രാമത്തിലെ പൈതൃക കേന്ദ്രങ്ങളാണ്. കടലുണ്ടിപ്പുഴയില്‍ സ്ഥിതിചെയ്യുന്ന തുരുത്തുകള്‍ മനോഹരമായ കാഴ്ചയാണ്.ചാലിയത്തെ വനംവകുപ്പിന്റെ തടിഡിപ്പോയില്‍ പ്രവര്‍ത്തനം തുടങ്ങിയ ഹോര്‍ത്തുസ് മലബാറിക്കസ് സസ്യസര്‍വസ്വം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന വിജ്ഞാനകേന്ദ്രമാണ്. ഹോര്‍ത്തൂസ് മലബാറിക്കസില്‍ പ്രതിപാദിച്ചിട്ടുള്ള സസ്യജാലങ്ങളാണ് ഇവിടെ നട്ടുവളര്‍ത്തുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച തിരൂര്‍-ചാലിയം റെയില്‍വേ ലൈനിനോടനുബന്ധിച്ച റെയില്‍വേ കിണറും ഇവിടെ കാണാം. മുന്‍കൂട്ടി അനുമതി വാങ്ങിയാല്‍ ചാലിയം ലൈറ്റ്ഹൗസ് സന്ദര്‍ശനവുമാകാം. ചാലിയം-ബേപ്പൂര്‍ ജെട്ടികളെ ബന്ധിച്ചുള്ള ജങ്കാര്‍ യാത്രയും ചാലിയം പുലിമുട്ടിലൂടെ കടലിനുള്ളിലേക്കുള്ള യാത്രയും മറക്കാനാവില്ല. ചാലിയത്തെ പരമ്പരാഗത മത്സ്യബന്ധന കേന്ദ്രവും യാത്രയ്ക്കിടെ മറക്കാനാവാത്ത അനുഭവങ്ങളാണ് പകരുക.കമ്യൂണിറ്റി റിസര്‍വിലേക്ക് കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതായി റിസര്‍വ് ചെയര്‍മാന്‍ അനില്‍ മാരാത്ത് പറഞ്ഞു. സന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് റിസര്‍വ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു. കടലുണ്ടി പുഴയിലൂടെ കണ്ടലുകള്‍ കണ്ടു കൊണ്ട് തോണിയാത്ര, ഗൈഡുമാരുടെ സേവനം, പക്ഷി നിരീക്ഷണത്തിനെത്തുന്നവര്‍ക്ക് താമസസൗകര്യം, നാടന്‍ ഭക്ഷണം തുടങ്ങിയ സൗകര്യങ്ങളാണ് മാനേജ്‌മെന്റ് കമ്മിറ്റി ഒരുക്കിയിട്ടുള്ളത്.
No comments:
Post a Comment